"സ്ഥലം എവിടെയാണ്, കെട്ടിടത്തിന്റെ വിവരങ്ങൾ തരൂ ?" എന്ന് ഞാൻ പറഞ്ഞപ്പോൾ മൂന്നുപേരും പരസ്പരം മുഖത്തോടു മുഖം നോക്കുന്നു. പിന്നെ ആരെയൊക്കെയോ വിളിച്ച് അത് ഒപ്പിച്ചു. എന്ത് ചോദിച്ചാലും പരസ്പരം മാറിമാറി നോക്കിയതിന് ശേഷമാണ് ആക്ഷൻ.
"ശരി, ഒപ്പിടാൻ വേണ്ട സ്റ്റാമ്പ് പേപ്പർ കയ്യിലുണ്ടോ?" എന്ന് ചോദിച്ചപ്പോൾ അവരുടെ മറുപടി രസകരമായിരുന്നു:
"സ്റ്റാമ്പ് പേപ്പർ വക്കീൽ തന്നെ എടുത്താൽ മതി, കാശ് തരാം”. ഈ ഞായറാഴ്ച ഞാൻ എവിടുന്നാ സ്റ്റാമ്പ് പേപ്പർ എടുക്കുന്നത് എന്ന് ചോദിച്ചതിന് ശേഷമാണ് ഞായറാഴ്ച അല്ലെങ്കിലും ഞാൻ എവിടുന്ന് എടുത്ത് കൊടുക്കാനാ എന്ന ഞാൻ മനസ്സിൽ ചിന്തിച്ചത്.
“കഴിഞ്ഞ ദിവസം ഞങ്ങളുടെ ഒരു ഫ്രണ്ട് വേറൊരു വക്കീലിന്റെ അടുത്ത് പോയി എല്ലാം റെഡിയാക്കി , വക്കീലിന്റെ ഓഫീസീന്നാണ് സ്റ്റാമ്പ് പേപ്പർ ഒക്കെ എടുത്തത്. അവിടെ ഇങ്ങനത്തെ ഫോർമാലിറ്റീസ് ഒന്നും ചോദിച്ചില്ല. ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് ആ വക്കീൽ ഓഫീസിൽ ഇല്ല, അതാണ് ഞങ്ങൾ ഇവിടെ വന്നത്"
ഇത് കേട്ടപ്പോ കുറച്ച് ദേഷ്യം വന്നെങ്കിലും പുറത്ത് കാണിച്ചില്ല, എന്റെ കയ്യിൽ സ്റ്റാമ്പ് പേപ്പർ ഇല്ലെന്നും എങ്ങനെയാണ് അത് ലഭിക്കുന്നത് എന്നും പറഞ്ഞു കൊടുത്തു. ഇന്നത്തെ തലമുറയിലെ വലിയൊരു വിഭാഗം യുവാക്കൾക്ക് നമ്മുടെ നാട്ടിലെ അടിസ്ഥാന നിയമ നടപടികളെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്ന് മനസ്സിലായതുകൊണ്ട് മാത്രം കുറച്ച് കാര്യങ്ങൾ എഴുതാം.
1. വക്കീലിന് സ്റ്റാമ്പ് പേപ്പർ വിൽക്കാൻ സാധിക്കുമോ?
ഒരിക്കലുമില്ല. നിലവിൽ ഒരു വക്കീലിനും നേരിട്ട് സ്റ്റാമ്പ് പേപ്പർ കൈവശം വെച്ച് വിൽക്കാൻ നിയമപരമായി അധികാരമില്ല. സർക്കാർ അംഗീകൃത സ്റ്റാമ്പ് വെണ്ടർമാർക്ക് (Authorised Stamp Vendors) മാത്രമേ നിലവിൽ സ്റ്റാമ്പ് പേപ്പർ വിൽക്കാൻ അവകാശമുള്ളൂ. നിങ്ങളുടെ പേരിൽ നിയമപരമായി വെണ്ടറിൽ നിന്ന് വാങ്ങുന്ന സ്റ്റാമ്പ് പേപ്പറിൽ മാത്രമേ കരാറുകൾ തയ്യാറാക്കാൻ പാടുള്ളൂ.
2. റെഡിമെയ്ഡ് എഗ്രിമെന്റുകൾ സുരക്ഷിതമാണോ?
പണം വാങ്ങി പ്രിന്റ് ചെയ്ത വെറുമൊരു ടെംപ്ലേറ്റ് കടലാസിൽ ഒപ്പിട്ടു നൽകുന്നതല്ല ശരിയായ നിയമസഹായം. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം, അഡ്വാൻസ് തുക, വാടക കാലാവധി, മെയിന്റനൻസ് വ്യവസ്ഥകൾ, വാടകക്കാരൻ നിർബന്ധമായും പാലിക്കേണ്ട നിബന്ധനകൾ എന്നിവ കൃത്യമായി ചോദിച്ചു മനസ്സിലാക്കി തയ്യാറാക്കുന്ന കരാറുകൾ മാത്രമേ ഭാവിയിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളെ സംരക്ഷിക്കൂ.
3. കരാർ ഉണ്ടാക്കാൻ എന്തൊക്കെ വേണം?
ഒരു വാടകക്കരാർ തയാറാക്കാൻ വക്കീലിനെ സമീപിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ കയ്യിൽ കരുതുക:
കെട്ടിട ഉടമയുടെയും (Landlord) വാടകക്കാരന്റെയും (Tenant) കൃത്യമായ പേര്, വിലാസം, ആധാർ വിവരങ്ങൾ.
വാടകയ്ക്കെടുക്കുന്ന വീടിന്റെ/കെട്ടിടത്തിന്റെ കൃത്യമായ വിലാസം, ബിൽഡിംഗ് നമ്പർ.
വാടക തുക, അഡ്വാൻസ് തുക, പെയ്‌മെന്റ് രീതി.
ആവശ്യത്തിന് മൂല്യമുള്ള സ്റ്റാമ്പ് പേപ്പർ.ചെറിയൊരു മടി കാരണവും വേഗത്തിൽ കാര്യം നടക്കാൻ വേണ്ടിയും കുറുക്കുവഴികൾ തേടരുത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ അത്തരം കരാറുകൾ കോടതിയിൽ അസാധുവാകാൻ സാധ്യത വളരെ കൂടുതലാണ്. നിയമം അറിഞ്ഞിരിക്കുക, കൃത്യമായ നടപടികളിലൂടെ നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക.
- Adv Ahammed Sha
No comments:
Post a Comment
Write your valuable comments here.