ഒരു കുറ്റകൃത്യം നടന്ന് നമ്മൾ സ്റ്റേഷനിൽ പരാതിയുമായി എത്തുമ്പോൾ, ചിലപ്പോൾ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതെ നമ്മളെ തിരിച്ചയക്കുകയോ, "ഇതൊരു സിവിൽ വിഷയമാണ്" എന്ന് പറഞ്ഞ് ഒഴിവാക്കുകയോ ചെയ്യാറുണ്ട്. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നിലപാടുണ്ടായാൽ സാധാരണക്കാർ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കാറുണ്ട്.
പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്നതിന്റെ കാരണങ്ങളും അത്തരം സന്ദർഭങ്ങളിൽ നിയമപരമായി സ്വീകരിക്കേണ്ട 3 നിർണ്ണായക മാർഗ്ഗങ്ങളും താഴെ പറയുന്നവയാണ്:
എന്തുകൊണ്ടാണ് പോലീസ് ചില കേസുകളിൽ എഫ്.ഐ.ആർ ഇടാൻ മടിക്കുന്നത്?
Cognizable Offence (പോലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റം) അല്ലെന്ന കാരണം: പോലീസിന് നേരിട്ട് അന്വേഷിക്കാനും അറസ്റ്റ് ചെയ്യാനും അധികാരമില്ലാത്ത കുറ്റകൃത്യങ്ങളിൽ എഫ്.ഐ.ആർ ഇടാൻ നിയമപരമായി തടസ്സമുണ്ട്. അത് ഏതൊക്കെയാണെന്ന് നിയമം കൃത്യമായി പറഞ്ഞിട്ടുണ്ട്. പൊതുവായി പറഞ്ഞാൽ താരതമ്യേന ഗൗരവം കൂടിയതും 3 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റകൃത്യങ്ങളാണ് Cognizable Offence. അത്തരം ഒരു കുറ്റകൃത്യത്തെ സംബന്ധിച്ചുള്ള പരാതി കിട്ടിയാൽ പോലീസ് ഉടനെ തന്നെ FIR രജിസ്റ്റർ ചെയ്ത് കേസെടുക്കേണ്ടതുണ്ട്.
അധികാര പരിധി (Jurisdiction): സംഭവം നടന്നത് തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ല എന്ന കാരണം പറഞ്ഞ് പലപ്പോഴും പോലീസ് പരാതിക്കാരെ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ നിയമപ്രകാരം ഏത് സ്റ്റേഷനിലും ആർക്കും എവിടെ വേണമെങ്കിലും പരാതിപ്പെടാം. ആ പരാതി ആ സ്റ്റേഷനിൽ 'Zero FIR' ആയി രജിസ്റ്റർ ചെയ്യണം. വോട്ട് കള്ളനെതിരെ പ്രധിഷേധിച്ച വിദ്യാർത്ഥിയെ മർദിച്ച ഡൽഹി പൊലീസിനെതിരെ കേരളത്തിൽ FIR രജിസ്റ്റർ ചെയ്തത് അങ്ങനെയാണ്.
സ്വാധീനവും ഒത്തുതീർപ്പ് സമ്മർദ്ദവും: പ്രതിഭാഗത്തിന്റെ പണമോ സ്വാധീനമോ കാരണം കേസ് ഒതുക്കി തീർക്കാനോ സ്റ്റേഷൻ തലത്തിൽ ഒത്തുതീർപ്പാക്കാനോ ശ്രമിക്കുന്ന സന്ദർഭങ്ങളുമുണ്ട്.എല്ലാവരും അക്കൂട്ടത്തിൽ ഇല്ലെങ്കിലും ചില നാറികൾ എല്ലാ കൂട്ടത്തിലുമുണ്ടല്ലോ. ( വക്കീലന്മാരിലും ഉണ്ട്)
പരാതി നൽകിയിട്ടും പോലീസ് എഫ്.ഐ.ആർ ഇടാൻ തയ്യാറായില്ലെങ്കിൽ സ്വീകരിക്കാവുന്ന 3 നിയമവഴികൾ:
1. ജില്ലാ പോലീസ് മേധാവിക്ക് (SP) രേഖാമൂലം പരാതി നൽകുക:
സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) നിങ്ങളുടെ പരാതി സ്വീകരിച്ച് എഫ്.ഐ.ആർ ഇട്ടില്ലെങ്കിൽ, നിരാശപ്പെടേണ്ടതില്ല. നിങ്ങളുടെ പരാതിയുടെ വിവരങ്ങൾ കൃത്യമായി എഴുതി തയ്യാറാക്കി രജിസ്റ്റർഡ് പോസ്റ്റ് Registered Post വഴി ജില്ലാ പോലീസ് സൂപ്രണ്ടിനോ (SP) സിറ്റി പോലീസ് കമ്മീഷണർക്കോ അയക്കുക. അപേക്ഷ പരിശോധിച്ചു കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടാൽ നേരിട്ടോ മറ്റ് ഉദ്യോഗസ്ഥർ മുഖേനയോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ SP ഉത്തരവിടും.
2. കോടതിയെ സമീപിച്ച് മജിസ്‌ട്രേറ്റ് ഉത്തരവ് നേടുക:
പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയൊന്നുമില്ലെങ്കിൽ, അടുത്ത പടിയായി നിങ്ങൾക്ക് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. കോടതിയിൽ ഹർജി നൽകിയാൽ, പരാതി പരിശോധിച്ച ശേഷം മജിസ്‌ട്രേറ്റ് പോലീസിനോട് ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കർശന നിർദ്ദേശം നൽകും. കോടതിയുടെ ഈ ഉത്തരവ് പാലിക്കാൻ പോലീസ് നിയമപരമായി ബാധ്യസ്ഥരാണ്.
3. പരാതി നൽകിയതിന്റെ എല്ലാ തെളിവുകളും സുരക്ഷിതമായി സൂക്ഷിക്കുക:
പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അക്നോളജ്മെന്റ് രേഖ (Receipt), SP ക്ക് അയച്ച തപാൽ രസീത് (Postal Receipt / Delivery Proof) എന്നിവ കൃത്യമായി സൂക്ഷിക്കുക. നാളെ കോടതിയെ സമീപിക്കുമ്പോൾ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച തെളിയിക്കാൻ ഏറ്റവും വലിയ ആയുധം ഈ തെളിവുകളായിരിക്കും.
പോലീസ് എഫ്.ഐ.ആർ ഇടാൻ മടിക്കുന്നത് നിങ്ങളുടെ നീതി ലഭിക്കാനുള്ള വഴിയുടെ അവസാനമല്ല; മറിച്ച് നിയമപരമായ മറ്റ് വാതിലുകൾ തുറക്കാനുള്ള തുടക്കം മാത്രമാണ്.
ഇതുപോലെയുള്ള നിയമപരമായ അനുഭവങ്ങളോ സംശയങ്ങളോ ഉണ്ടെങ്കിൽ കമന്റിൽ ചോദിക്കാവുന്നതാണ്.
Adv Ahammed Sha
District Court Manjeri | Kerala Highcourt

No comments:
Post a Comment
Write your valuable comments here.