Crime no. 858/2026 of Nedumbassery Police Station
കൊച്ചി നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളുകയുണ്ടായി. കുറ്റകൃത്യത്തിന്റെ ഗൗരവവും പ്രതിയുടെ സ്വാധീനവും മറ്റും പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

ആ കേസിൽ അവർക്ക് നിയമ സഹായവും അത് ലഭിക്കാനുള്ള ശേഷിയും എല്ലാ നിലക്കുമുണ്ട്, പക്ഷെ ആരോരും നോക്കാനില്ലാതെ, ഒന്നും അറിയാതെ , ചെയ്യാത്ത തെറ്റിന് ജാമ്യം നിഷേധിക്കപ്പെട്ട് ഇരുമ്പഴിക്കുള്ളിൽ കഴിയുന്ന ഒരുപാടുപേരുണ്ട്, പലർക്കും അറിയില്ല ഇനിയെന്ത് ചെയ്യണമെന്ന്, ജാമ്യം ലഭിച്ചാൽ കേസ് തീർന്നെന്നും ജാമ്യം തല്ലിയാൽ പിന്നെ കാലാകാലം ജയിലിൽ കഴിയണമെന്നുമൊക്കെ കരുതുന്ന അന്തേവാസികൾ ജയിലിലും ഉറ്റവർ പുറത്തുമുണ്ട് ഒരുപാട്. മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം നിഷേധിക്കപ്പെട്ടാൽ അത് അവസാനമല്ല, ജാമ്യം ലഭിക്കാൻ ഇനിയുമുണ്ടേറെ വഴികൾ.
1. മജിസ്‌ട്രേറ്റ് കോടതിയിൽ തന്നെ വീണ്ടും ഹരജി നൽകുക :
ഒരു തവണ ജാമ്യം നിഷേധിച്ചാലും പിന്നെയും നമുക്ക് മജിസ്‌ട്രേറ്റ് കോടതിയിൽ തന്നെ ജാമ്യ ഹരജി നൽകാം. ഒരു തടസ്സവുമില്ലാതെ കോടതി അത് പരിഗണിക്കും, പരിഗണിക്കണം, ആകെ ഒരു നിബന്ധനയുള്ളത് നേരത്തെ ഹരജി സമർപ്പിച്ച സമയത്തെ കേസിന്റെ അവസ്ഥയിൽ നിന്നും എന്തെങ്കിലും ഒരു മാറ്റം ഉണ്ടായിരിക്കണം.
ഉദാഹരണമായി പറഞ്ഞാൽ നേരത്തെ ഹരജി സമർപ്പിച്ച സമയത്ത് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് ആ ജാമ്യ ഹരജി തള്ളി, അത് കഴിഞ്ഞ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു, അപ്പോൾ കേസിൽ ഒരു മാറ്റം ഉണ്ടായി. അതിനാൽ ഇനി ഒന്നുകൂടി അതെ കോടതിയിൽ ജാമ്യ ഹരജി സമർപ്പിക്കാം. പലപ്പോഴും അങ്ങനെയുള്ള ഘട്ടങ്ങളിൽ കോടതി ജാമ്യം അനുവദിക്കുന്നതാണ്.
2. സെഷൻസ് കോടതിയെ സമീപിക്കുക :
മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയാൽ, പ്രതികൾക്ക് അടുത്തതായി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷയുമായി പോകാവുന്നതാണ്. സെഷൻസ് കോടതിക്ക് കേസിന്റെ രേഖകളും ഗൗരവവും പരിശോധിച്ച് ജാമ്യം അനുവദിക്കാൻ അധികാരമുണ്ട്.
3. ഹൈക്കോടതിയെ സമീപിക്കുക:
സെഷൻസ് കോടതിയും ജാമ്യം തള്ളുകയാണെങ്കിൽ, പ്രതികൾക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. കേസിന്റെ മെറിറ്റും, പ്രതികളുടെ പ്രായം, തുടർന്നുള്ള കസ്റ്റഡി ആവശ്യകത എന്നിവ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്യാം.
4. കുറ്റപത്രം വൈകുന്ന പക്ഷം ഡിഫോൾട്ട് ബെയിൽ:
കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നിയമപ്രകാരം അന്വേഷണ ഏജൻസി നിശ്ചിത ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. അത് കേസിന്റെ ഗൗരവം അനുസരിച്ച് 60 അല്ലെങ്കിൽ 90 ദിവസം വരെയാണ് സമയം. ആ സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിയ്ക്കാത്ത കേസിൽ പ്രതികൾക്ക് നിയമപരമായ അവകാശമായി ജാമ്യത്തിന് അപേക്ഷിക്കാൻ സാധിക്കും. കോടതി ജാമ്യം നൽകുകയും ചെയ്യും.
എന്തെങ്കിലും സാഹചര്യം ഉണ്ടെങ്കിൽ ജാമ്യം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്, അതിനാണ് ഇത്രയേറെ മാർഗങ്ങളും നിയമം നീക്കിവെച്ചിട്ടുള്ളത്. യാതൊരു വഴിയുമില്ലെങ്കിൽ മാത്രമേ ഒരാളെ ജയിലിലേക്കയക്കാവൂ എന്ന് നിരവധി വിധിന്യായങ്ങളിൽ സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്.
Adv Ahammed Sha
District Court Manjeri | Kerala Highcourt
No comments:
Post a Comment
Write your valuable comments here.