LEGAL ARTICLE
നീതിപീഠത്തെയും മനുഷ്യ മനസ്സിനെയും ഒരുപോലെ സ്പർശിച്ചൊരു കോടതി വിധി:
—
views
കോടതി വിധി
നിയമപുസ്തകങ്ങളിലെ വരണ്ട വാക്കുകൾക്കും ശിക്ഷാവിധികൾക്കും അപ്പുറം, ബാധിക്കപ്പെട്ട ഇരയുടെ മാനസികനിലയെയും ധൈര്യത്തെയും ചേർത്തുപിടിക്കുന്ന അത്യപൂർവ്വവും വൈകാരികവുമായ ഒരു കോടതി ഉത്തരവാണ് അടുത്തിടെ ഡൽഹി ഹൈക്കോടതിയുടെ മുന്നിലെത്തിയത്.
വർഷങ്ങൾക്ക് മുൻപ്, കേവലം 7 വയസ്സു മാത്രം പ്രായമുള്ളപ്പോൾ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ കേസ്. കുറ്റവാളിയായ സുമിത് ശാക്യ എന്നയാൾക്ക് വിചാരണക്കോടതി നൽകിയത് സാധാരണ തടവുശിക്ഷയല്ല; ജീവിതാവസാനം വരെ പുറംലോകം കാണാൻ അനുവദിക്കാത്ത പൂർണ്ണ ജീവപര്യന്തം തടവാണ്.
എന്നാൽ ഈ വിധിയേക്കാൾ കൂടുതൽ നിയമലോകത്തിന്റെയും സമൂഹത്തിന്റെയും ശ്രദ്ധനേടിയത്, ആ വിധിന്യായത്തിന് താഴെ വിചാരണക്കോടതി ജഡ്ജ് രജനി രംഗ ആ ചെറിയ കുട്ടിക്കായി കുറിച്ച ഹൃദയസ്പർശിയായ കുറിപ്പാണ്.
"അങ്കിൾ വയസ്സനാകുന്നത് വരെ ജയിലിലിടണം" ആ കൊച്ചുകുട്ടിയുടെ ആഗ്രഹത്തിന് ജഡ്ജി നൽകിയ മറുപടി:
കോടതിമുറിയിൽ ഭയമില്ലാതെ വന്ന് തനിക്ക് നേരിട്ട ക്രൂരതയെക്കുറിച്ച് വിളിച്ചുപറയുകയും കുറ്റവാളിയെ വിരൽ ചൂണ്ടി കാണിച്ചുകൊടുക്കുകയും ചെയ്ത ആ കൊച്ചുകുട്ടിയോട് ജഡ്ജി കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു:
"പ്രിയപ്പെട്ട മോളേ... നീ കോടതിയിൽ പറഞ്ഞ ആ വാക്ക് ഈ കോടതി കേട്ടു. 'അങ്കിൾ വയസ്സനാകുന്നത് വരെ അയാളെ ജയിലിൽ തന്നെ അടയ്ക്കണം' എന്ന് നീ പറഞ്ഞപ്പോൾ ഈ കോടതി അത് പൂർണ്ണമായി കേൾക്കുകയായിരുന്നു, അതിനുള്ള മറുപടിയാണ് ഇന്ന് നൽകിയിരിക്കുന്നത്.
നിന്നെ ഉപദ്രവിച്ച ആ മനുഷ്യൻ ഇനി ഒരിക്കലും പുറത്തു വരില്ല. അയാൾ ബാക്കികാലം മുഴുവൻ ആ ഇരുമ്പഴിക്കുള്ളിൽ തന്നെ ജീവിച്ച്, അവിടെത്തന്നെ വയസ്സനായി മരിക്കും. നിന്നെയോ നിന്റെ അനിയത്തിയെയോ മറ്റേതെങ്കിലും കുട്ടിയെയോ ഉപദ്രവിക്കാൻ അയാൾക്കിനി കഴിയില്ല.
നീ ഈ കോടതി കണ്ട ഏറ്റവും ധൈര്യശാലിയായ പെൺകുട്ടിയാണ്. പേടിച്ചിരിക്കാതെ അമ്മയോട് കാര്യങ്ങൾ തുറന്നുപറയാൻ നീ കാണിച്ച ആ ധൈര്യമാണ് മറ്റൊരു കുട്ടിക്കും ഈ ഗതി വരാതെ സംരക്ഷിച്ചത്. നിന്റെ ബാല്യം തിരികെ ഈ നൽകാൻ കോടതിക്ക് കഴിയില്ല, എങ്കിലും നിന്റെ വാക്കുകൾ കേട്ടുവെന്ന് ഈ നീതിപീഠം ഉറപ്പുനൽകുന്നു.
ഇനി നീ ധൈര്യമായി ജീവിക്കുക... സ്കൂളിൽ പോവുക, കൂട്ടുകാരോടൊപ്പം ചിരിക്കുക, കളിക്കുക, സ്വപ്നം കാണുക... നിന്റെ ധൈര്യം ഈ കോടതി എന്നും ഓർക്കും."
ഹൈക്കോടതിയുടെ നിലപാട്:
തന്നെ കുറ്റക്കാരാനാണെന്ന് വിധിച്ച വിചാരണക്കോടതിയുടെ ഈ വിധി ചോദ്യം ചെയ്തും ശിക്ഷ ഇളവ് ചെയ്യണമെന്നും ആവശ്യപ്പെട്ടും പ്രതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജാമ്യാപേക്ഷ പൂർണ്ണമായും തള്ളി.
മാത്രമല്ല, വിചാരണക്കോടതി കുട്ടിക്കായി എഴുതിയ ഈ സന്ദേശം പ്രിന്റ് ചെയ്ത്, പത്തു ലക്ഷത്തി അമ്പതിനായിരം രൂപ നഷ്ടപരിഹാര തുകയോടൊപ്പം രണ്ടു ആഴ്ചയ്ക്കുള്ളിൽ ആ പെൺകുട്ടിക്കോ കുടുംബത്തിനോ എത്തിച്ചുനൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു.
സമൂഹത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ഭയക്കാതെ നിയമത്തിന് മുന്നിൽ സത്യം വിളിച്ചുപറയാൻ ഓരോ കുഞ്ഞിലേക്കും ധൈര്യം പകരുന്ന ഒന്നാണ് ഈ വിധിന്യായം.
District Court Manjeri | Kerala Highcourt
CONTINUE READING
Related Articles
Loading related articles...
FROM THE LEGAL DESK
View All →
More Legal Articles
Loading articles...
No comments:
Post a Comment
Write your valuable comments here.