കഴിഞ്ഞ ദിവസം എന്റെ ഓഫീസിലേക്ക് ഒരാൾ കയറിവന്നു. കയ്യിലൊരു കടലാസുണ്ട്; തന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ ഭൂമി ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ നൽകിയ ഫോറം-5 (Form-5) അപേക്ഷ RDO തള്ളിക്കളഞ്ഞുകൊണ്ടുള്ള ഉത്തരവാണ്.
ആകെ മൂന്നേ മൂന്ന് ചെറിയ പാരഗ്രാഫുകൾ. യാതൊരുവിധ കാരണങ്ങളോ, പരിശോധനാ റിപ്പോർട്ടുകളുടെ വിശദാംശങ്ങളോ, നിയമപരമായ വിശകലനങ്ങളോ, ഇനിയെന്ത് ചെയ്യണമെന്നോ അതിലില്ല! അപേക്ഷകന്റെ മേൽവിലാസവും, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം RDO-യ്ക്കുള്ള സവിശേഷ അധികാരം ഉപയോഗിച്ച് അപേക്ഷ നിരസിക്കുന്നു എന്ന ഔദ്യോഗിക വരികളും മാത്രമാണ് അതിലുണ്ടായിരുന്നത്.
ഇത്തരം യാന്ത്രികമായ ഉത്തരവുകളുമായി മുന്നിൽ നിൽക്കുന്ന സാധാരണക്കാരായ കക്ഷികൾക്ക് മുന്നിൽ എന്ത് മറുപടി പറയണമെന്നറിയാതെ നിസ്സഹായനാകുന്ന ചില നിമിഷങ്ങളുണ്ട്. ഒരു വക്കീലിന് പോലും ആശയക്കുഴപ്പമുണ്ടാക്കിയ ഈ ഉത്തരവ്, നിയമമറിയാത്ത ഒരു സാധാരണക്കാരന് എത്രമാത്രം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകും എന്ന് ഊഹിക്കാമല്ലോ?
ഈ വിഷയം ആഴത്തിൽ പഠിച്ചപ്പോഴാണ്, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലെ റവന്യൂ ഓഫീസുകളിൽ ഫോറം-5 അപേക്ഷകൾ കൈകാര്യം ചെയ്യുന്ന രീതി എത്രത്തോളം യാന്ത്രികമാണെന്നും മനസ്സിലായത്. കൂടുതൽ അന്വേഷിച്ചു പോയപ്പോൾ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പുറപ്പെടുവിച്ച W.P.(C) No. 984 of 2025 കേസിലെ സുപ്രധാന ഹൈക്കോടതി വിധിയിലാണ് എത്തിയത്. ഭൂഉടമകൾ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളാണ് ആ വിധിയിലുള്ളത്.
1. അച്ചടി ഉത്തരവുകൾക്ക് രൂക്ഷ വിമർശനം
90 ശതമാനം ഫോറം-5 അപേക്ഷകളും യാതൊരു മനസ്സിരുത്തലുമില്ലാതെ, ഒരേ മാതൃകയിലുള്ള അച്ചടി വാചകങ്ങൾ ഉപയോഗിച്ചാണ് പല RDO-മാരും തള്ളിക്കളയുന്നത് എന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കോടതി നിരന്തരം ഉത്തരവുകൾ നൽകിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവം മാറാത്തതിനെ പരിഹസിച്ചുകൊണ്ട്, മലയാളത്തിലെ 'അമ്മാവനും മരുമകനും' കഥയിലെ "എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാകില്ല" എന്ന പ്രയോഗം പോലും വിധിയിൽ എടുത്തുപറയേണ്ടി വന്നു എന്നത് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനത്തിന്റെ ആഴം വ്യക്തമാക്കുന്നു.
2. എങ്ങനെയായിരിക്കണം ഉത്തരവുകൾ?
ഇത്തരത്തിലുള്ള ഓരോ ഉത്തരവുകളും വെറുമൊരു ഔദ്യോഗിക വരിയിൽ ഒതുങ്ങരുത്; മറിച്ച് അത് കൃത്യമായ കാരണങ്ങളും കണ്ടെത്തലുകളും അടങ്ങിയ 'സ്പീക്കിംഗ് ഓർഡർ' (Speaking Order) ആയിരിക്കണമെന്ന് കോടതി അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി.
അപേക്ഷിച്ച ഭൂമിയുടെ സർവേ നമ്പറും വിസ്തീർണ്ണവും.
കൃഷി ഓഫീസറുടെയും വില്ലേജ് ഓഫീസറുടെയും യഥാർത്ഥ റിപ്പോർട്ടുകൾ.
KSREC (ഉപഗ്രഹ) റിപ്പോർട്ടിലെ കൃത്യമായ വിവരങ്ങൾ.
അപേക്ഷ തള്ളുന്നതിനുള്ള വ്യക്തവും നിയമപരവുമായ കാരണങ്ങൾ. ഇത്രയും കാര്യങ്ങൾ കൃത്യമായി പ്രതിപാദിക്കാത്ത ഒരു ഉത്തരവും നിയമപരമായി നിലനിൽക്കില്ല.
3. ഉദ്യോഗസ്ഥർക്ക് സ്വന്തം പോക്കറ്റിൽ നിന്നും പിഴ.
യഥാർത്ഥ കാരണങ്ങളില്ലാതെ, യാന്ത്രികമായി അപേക്ഷ തള്ളി ഹരജിക്കാരൻ വീണ്ടും വീണ്ടും കോടതി കയറ്റിയ ഉദ്യോഗസ്ഥന് സ്വന്തം പോക്കറ്റിൽ നിന്നും 10,000 രൂപ പിഴ ഒടുക്കാൻ ഹൈക്കോടതി ഈ കേസിൽ ഉത്തരവിട്ടിട്ടുണ്ട്.
നിങ്ങളുടെയോ നിങ്ങൾക്ക് അറിയാവുന്നവരുടെയോ ഭൂമി ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ നൽകിയ ഫോറം-5 അപേക്ഷ ഇതുപോലെ യാതൊരു കാരണവും വ്യക്തമാക്കാതെ RDO തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിൽ, അതൊരു അന്തിമ വിധിയല്ല. അത്തരം യാന്ത്രിക ഉത്തരവുകൾക്കെതിരെ നിയമപരമായി ഹൈക്കോടതിയെ സമീപിക്കാൻ നിങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്.
ഇതുപോലെയുള്ള നിയമപരമായ സംശയങ്ങളോ അനുഭവങ്ങളോ ഉണ്ടെങ്കിൽ കമന്റിൽ ചോദിക്കാവുന്നതാണ്.
Adv Ahammed Sha
District Court Manjeri | Kerala Highcourt

No comments:
Post a Comment
Write your valuable comments here.