കരിപ്പൂർ എയർപോർട്ട് ലോഞ്ചിലിരുന്ന് വെറും 2 രൂപ മാത്രം നൽകി ലോഞ്ച് സേവനം പ്രയോജനപ്പെടുത്തിയ പ്രവാസിയായ യാത്രക്കാരന് നേരിടേണ്ടിവന്നത് കടുത്ത ദുരിതം. ലോഞ്ചിൽ നിന്നും നൽകിയ ഭക്ഷണത്തിൽ നിന്നും കല്ല് കടിച്ച് പല്ല് ഒടിഞ്ഞ സംഭവത്തിൽ ലോഞ്ച് അധികാരികൾക്ക് പിഴയിട്ടുകൊണ്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
സംഭവത്തിന്റെ ചുരുക്കം:
വിദേശത്തേക്ക് യാത്ര ചെയ്യാനായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരൻ, ഫ്ലൈറ്റ് വൈകിയതിനെ തുടർന്ന് എയർപോർട്ടിലെ എക്സിക്യൂട്ടീവ് ലോഞ്ചിൽ പ്രവേശിക്കുകയും കാർഡ് ഉപയോഗിച്ച് വെറും 2 രൂപ നൽകി ലോഞ്ച് സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു. എന്നാൽ അവിടെനിന്നും കഴിച്ച ഭക്ഷണത്തിൽ ഉണ്ടായിരുന്നു കട്ടിയുള്ള ഒരു ചെറിയ കല്ല് കടിച്ച് അദ്ദേഹത്തിന്റെ രണ്ട് പല്ലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും പൊട്ടുകയും ചെയ്തു. തുടർന്ന് വിദേശത്ത് വെച്ച് വലിയ തുക മുടക്കി റൂട്ട് കനാൽ ഉൾപ്പെടെയുള്ള ദന്തചികിത്സകൾക്ക് വിധേയനാകേണ്ടി വന്നു അദ്ദേഹത്തിന്. ലോഞ്ച് കമ്പനിയോട് കാര്യം പറഞ്ഞപ്പോൾ കമ്പനി 20,000 രൂപ മാത്രം വാഗ്ദാനം ചെയ്ത് തടിയൂരാൻ നോക്കി, അതിന്റെ രണ്ടിരട്ടി പണവും ഇതിനോടകം തന്നെ ചിലവഴിച്ചു, അനുഭവിച്ച വേദന വേറെയും. ഉപഭോക്താവ് ഇതിനെതിരെ നിയമപരമായി പോരാടാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
കോടതിയിൽ ഉയർന്ന പ്രധാന നിയമവാദങ്ങളും എതിർവാദങ്ങളും:
"ഞങ്ങൾ ആഹാരം വിറ്റിട്ടില്ലല്ലോ" -
ലോഞ്ച് നടത്തിപ്പുകാരായ എതിർകക്ഷി കമ്പനി കോടതിയിൽ ഉന്നയിച്ച പ്രധാന വാദം, തങ്ങൾ അവിടെ യാതൊരുവിധ ഭക്ഷണവും വിൽക്കുന്നില്ലെന്നും, ഈടാക്കിയ 2 രൂപ ലോഞ്ച് പ്രവേശനത്തിനുള്ള നിരക്ക് മാത്രമാണെന്നുമായിരുന്നു. അതിനാൽ പരാതിക്കാരൻ ഒരു 'ഉപഭോക്താവ്' (Consumer) അല്ലെന്നും അവർ വാദിച്ചു. എന്നാൽ കാർഡ് വഴി ലോഞ്ച് സേവനം പ്രയോജനപ്പെടുത്തുന്ന ഒരു ഉപഭോക്താവിന് അവിടെയുള്ള മറ്റ് സൗകര്യങ്ങളും ആഹാരവും ഉപയോഗിക്കാൻ പൂർണ്ണ അവകാശമുണ്ടെന്നും, അത് സേവനത്തിന്റെ ഭാഗമാണെന്നും കമ്മീഷൻ വിലയിരുത്തി.
വൈകി തേടിയ ചികിത്സ:
സംഭവം നടന്ന് ഏകദേശം 45 ദിവസങ്ങൾക്ക് ശേഷമാണ് പരാതിക്കാരൻ ഡോക്ടറെ കണ്ടതെന്നും, മെഡിക്കൽ ബില്ലുകൾ കൃത്യമല്ലെന്നുമായിരുന്നു കമ്പനിയുടെ മറ്റൊരു പ്രതിരോധം. എന്നാൽ പ്രവാസി തൊഴിലാളിയായതിനാൽ അന്ന് തന്നെ നാട്ടിൽ ചികിത്സ തേടാൻ കഴിയാതെ വന്നതും, വിദേശത്ത് വെച്ച് നടത്തിയ ചികിത്സയുടെ ആധികാരിക രേഖകളും പരാതിക്കാരൻ കൃത്യമായി കോടതിയിൽ ഹാജരാക്കിയിരുന്നു. സംഭവത്തിന് തൊട്ടടുത്ത ദിവസം തന്നെ കമ്പനിക്ക് ഇമെയിൽ വഴി പരാതി അയച്ചിരുന്നു എന്നതും കമ്മീഷൻ മുഖവിലയ്ക്കെടുത്തു.
2000 രൂപ ഓഫർ ചെയ്തത് :
കേസിന്റെ ആദ്യ ഘട്ടത്തിൽ തങ്ങളുടെ ഭാഗത്ത് തെറ്റില്ല എന്ന് വാദിക്കുകയും, പിന്നീട് 20,000 രൂപ തരാം എന്ന് പറഞ്ഞ് ഒതുക്കാൻ നോക്കുകയും ചെയ്ത കമ്പനിയുടെ നടപടിയിൽ ഗുരുതരമായ സേവനപ്പിഴവ് ഉണ്ടെന്ന് കമ്മീഷൻ കണ്ടെത്തി.
ഉപഭോക്തൃ കമ്മീഷന്റെ അന്തിമ ഉത്തരവ്:
മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ശ്രീ. മോഹൻദാസ് കെ., അംഗങ്ങളായ ശ്രീമതി പ്രീതി ശിവരാമൻ സി ശ്രീ മുഹമ്മദ് ഇസ്മായിൽ സി വി എന്നവർ പുറപ്പെടുവിച്ച വിധിപ്രകാരം:
ചികിത്സാ ചെലവായി ₹1,03,000/-
സേവനത്തിലെ വീഴ്ചയ്ക്കും മാനസിക ബുദ്ധിമുട്ടുകൾക്കും നഷ്ടപരിഹാരമായി ₹1,00,000/-
കോടതി ചെലവായി ₹10,000/-
എന്നിങ്ങനെ മൊത്തം 2,13,000 രൂപ ലോഞ്ച് കമ്പനിയായ എതിർകക്ഷി പരാതിക്കാരന് നൽകാനാണ് കൽപ്പന.
വെറും രണ്ട് രൂപയുടെ ലോഞ്ച് സേവനം പ്രയോജനപ്പെടുത്തിയ സാധാരണക്കാരനായ ഒരു പ്രവാസിക്ക്, നിയമപരമായ കൃത്യമായ വാദങ്ങളിലൂടെയും തെളിവുകളിലൂടെയും നീതി നേടിയെടുക്കാൻ കഴിഞ്ഞു എന്നത് ഇത്തരം സേവന സ്ഥാപനങ്ങൾക്കുള്ള ശക്തമായൊരു മുന്നറിയിപ്പാണ്. വാങ്ങിയ സർവീസിന്റെ വിലയോ നമ്മുടെ നിലയോ ഒന്നുമല്ല പ്രധാനം, നിയമപ്രകാരം ഒരു അവകാശം ഉണ്ടാവുകയും അത് തടയപ്പെടുകയും ചെയ്‌താൽ പതറാതെ പൊറുതിയാൽ ഒരുനാൾ നീതി ലഭിക്കുക തന്നെ ചെയ്യും.
Adv. Ahammed Sha
District Court Manjeri | Kerala High Court

No comments:
Post a Comment
Write your valuable comments here.