തരിമ്പ് സംശയം തോന്നിയതിന്റെ പേരിൽ നഷ്ടപ്പെടാൻ പോയൊരു കച്ചവടവും, പതിറ്റാണ്ടുകൾ പഴക്കമുള്ളൊരു 'നിയമക്കുരുക്ക്' അഴിച്ചെടുത്ത് കച്ചവടം ശരിയാക്കി നൽകിയ അനുഭവവുമാണ് ഈ കുറിപ്പിന് ആധാരം.
അടുത്തിടെ ഒരു ക്ലയന്റ് എന്റെ അടുക്കൽ വന്നു. മലപ്പുറം ജില്ലയിലെ തന്റെ 75 സെന്റോളം വരുന്ന ഒരു വസ്തു വാങ്ങാൻ ആളുകൾ തയ്യാറായി നിൽക്കുന്നു. സംസാരിച്ച് കച്ചവടം ഉറപ്പിക്കാൻ നേരത്താണ് പഴയൊരു അടിയാധാരം വില്പനയ്ക്ക് വില്ലനാകുന്നത്. ഒരു ജന്മം തീറാധാരത്തിൽ, അന്ന് കുടുംബത്തിലെ കാരണവർ (അച്ഛൻ) സ്വന്തം നിലയ്ക്കും, അന്ന് 7 വയസ്സ് മാത്രം പ്രായമുള്ള മൈനറായ മകൾക്കു വേണ്ടിയും ഒപ്പിട്ടാണ് വസ്തു മറ്റൊരാൾക്ക് വിറ്റത്.
"കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ മൈനറുടെ വസ്തു വിറ്റത് നിയമപരമായി നിലനിൽക്കില്ല, അന്ന് ഏഴ് വയസ്സുള്ള കുട്ടിക്ക് പ്രായപൂർത്തിയായ ശേഷം ഇതിൽ അവകാശവാദം ഉന്നയിക്കാം" എന്ന് പറഞ്ഞ് വാങ്ങാൻ വന്ന ആളുടെ കൂടെയുള്ള ഒരു മുൻ വില്ലജ് ഓഫീസർ സംശയം പ്രകടിപ്പിച്ചതോടെ കച്ചവടം പാതിവഴിയിൽ മുടങ്ങി. വിൽക്കുന്ന കക്ഷിക്ക് വലിയ സാമ്പത്തിക തടസ്സവും മാനസിക വിഷമവുമായി. കുറെ കാലം ഗൾഫിൽ പണിയെടുത്ത് ഉണ്ടാക്കിയ മുതലാണ്. ഇപ്പൊ ഒരു സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിൽക്കുന്നതാണ്. കച്ചവടം മുടങ്ങുമെന്ന അവസ്ഥയിലായി, വസ്തു വില്പനയിൽ വക്കീലിനെന്താ കാര്യം ചിന്തിച്ചിട്ടുപോലുമില്ലാത്ത അയാൾ ജീവിതത്തിലാദ്യമായി ഒരു വക്കീലാഫീസിൽ കയറി.
രേഖകൾ പരിശോധിച്ചു , ശരിയാണ്, വർഷങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്ത ഒരു ആധാരത്തിൽ ഒരു മൈനർ കുട്ടിയുണ്ട്, ആ കുട്ടിക്ക് വേണ്ടി എന്ന് പരാമർശിച്ചുകൊണ്ട് പിതാവാണ് ഒപ്പിട്ടത്, അതിനു അനുവാദം നൽകുന്ന ഒരു രേഖയുമില്ല.
എന്നാൽ മേൽപ്പറഞ്ഞ കേസിൽ കച്ചവടം മുടങ്ങേണ്ട ഒരു കാര്യവും ശരിക്കും ഉണ്ടായിരുന്നില്ല.
ഇത്തരം വിഷയങ്ങളിൽ ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കും ബഹു. സുപ്രീം കോടതിക്കും വ്യക്തമായ കാഴ്ചപ്പാടുണ്ട്:
1. ആ വസ്തു കൈമാറ്റം പൂർണ്ണമായും അസാധുവല്ല:
Hindu Minority and Guardianship Act, 1956 പ്രകാരം മൈനറുടെ ഗുണത്തിനായി രക്ഷിതാവിനു മൈനറുടെ വസ്തു വിൽക്കാം, പണയപ്പെടുത്താം, കൈമാറ്റം ചെയ്യാം , വാടകയ്ക്ക് വരെ നൽകാം. പക്ഷെ അതെല്ലാം കോടതിയുടെ അനുമതിയോടെ ആയിരിക്കണമെന്ന് മാത്രം.
ഇനി ഏതെങ്കിലും ഘട്ടത്തിൽ അങ്ങനെ മൈനറുടെ രക്ഷിതാവ് കോടതി അനുമതിയില്ലാതെ മൈനറുടെ വസ്തു വിറ്റാൽ അത് സ്വയമേവ റദ്ദാകുന്ന ഒന്നല്ല. മറിച്ച്, മൈനർ കോടതിയെ സമീപിച്ച് കേസ് കൊടുത്ത് അസാധുവാക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ കോടതി റദ്ദാക്കുന്നത് വരെ ആ ആധാരം നിയമപരമായി നിലനിൽക്കും.
2. സുപ്രീം കോടതി വിധി വ്യക്തമാക്കുന്നത്:
സമാനമായൊരു കേസിൽ ബഹു. സുപ്രീം കോടതി Justice Ashok Bhushan & Justice K.M. Joseph എന്നിവരുടെ ബഞ്ച് വ്യക്തമാക്കിയത്, രക്ഷിതാവ് കോടതി അനുമതിയില്ലാതെ ചെയ്ത വില്പനാധാരം റദ്ദാക്കാൻ Limitation Act, Article 60 പ്രകാരം മൈനർക്ക് പ്രായപൂർത്തിയായ (18 വയസ്സ്) തീയതി മുതൽ 3 വർഷം മാത്രമാണ് സാവകാശമുള്ളത് എന്നാണ്.
3. നിയമപരമായ കാലാവധി (Limitation Period):
നമ്മുടെ ഈ വസ്തു വില്പനയിൽ 1961-ൽ 7 വയസ്സുണ്ടായിരുന്ന കുട്ടിക്ക് 1972-ൽ പ്രായപൂർത്തിയാവുകയും (18 വയസ്സ്), 1975-ൽ 21 വയസ്സ് തികയുകയും ചെയ്തു. Limitation Act പ്രകാരം 1975-ഓടെ തന്നെ പ്രസ്തുത കൈമാറ്റം ചോദ്യം ചെയ്യാനുള്ള നിയമപരമായ സമയം പൂർണ്ണമായും കാലഹരണപ്പെട്ടു. കൃത്യമായ തിയതിയും മറ്റും നോക്കുകയാണെങ്കിൽ സമയം അതിലും കുറവായിരിക്കും.
അതായത്, അന്ന് വസ്തു വാങ്ങിയ ആളുടെ കൈവശ കാലയളവിൽ തന്നെ 1975-ഓടെ ഈ ടൈറ്റിൽ നിയമപരമായി പൂർണ്ണമായും ക്രമവത്കരിക്കപ്പെടുകയും വസ്തു വിൽപനയ്‌ക്കോ ബാങ്ക് വായ്പകൾക്കോ അനുയോജ്യമായ രീതിയിൽ മാറുകയും ചെയ്തിട്ടുണ്ട്. നമ്മുടെ കക്ഷി ഈ വസ്തു വാങ്ങിയത് വെറും 4 വർഷം മുമ്പാണ്. അതുകൊണ്ട് തന്നെ അദ്ദേഹം വാങ്ങുമ്പോൾ ആ വസ്തുവിന് യാതൊരു നിയമ പ്രശ്നവും ഇല്ലായിരുന്നു, ഉണ്ടായിരുന്ന നിയമ പ്രശ്നം ചോദ്യം ചെയ്യാനുള്ള സമയം അതിനും പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ അവസാനിച്ചിരുന്നു.
ഇക്കാര്യങ്ങൾ നിയമവകുപ്പുകളും സുപ്രീം കോടതി വിധിന്യായങ്ങളും സഹിതം കൃത്യമായി ചൂണ്ടിക്കാണിച്ചതോടെ വാങ്ങാൻ നിന്ന കക്ഷിയുടെ സംശയങ്ങൾ മാറുകയും കച്ചവടം തടസ്സമില്ലാതെ നടക്കുകയും ചെയ്തു. പക്ഷെ കുറച്ചു ദിവസത്തേക്കാണെങ്കിലും അദ്ദേഹം അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പറഞ്ഞതുകേട്ടാൽ ആർക്കായാലും വിഷമം വരും.
എന്തുകൊണ്ട് വാങ്ങുന്നതിന് മുൻപ് അടിയാധാരങ്ങൾ പരിശോധിക്കണം?
നമ്മൾ ഒരു വസ്തു വാങ്ങുമ്പോൾ കേവലം ഇപ്പോഴത്തെ ഉടമസ്ഥന്റെ പേരിൽ ആധാരവും വില്ലേജിൽ തണ്ടപ്പേരും ഉണ്ടോ എന്ന് മാത്രം നോക്കിയാൽ പോരാ. മുൻകാലങ്ങളിൽ ആധാരങ്ങളിൽ നടന്നിട്ടുള്ള കൈമാറ്റങ്ങളിൽ മൈനർമാരുടെ ഓഹരി ഉണ്ടെങ്കിൽ അതിന് മേൽ നിയമപരമായ കാലാവധി കഴിഞ്ഞിട്ടുണ്ടോ, ചില ആധാരങ്ങൾ കൈമാറ്റം ചെയ്യുന്നത് Power of Attorney മുഖേനയായിരിക്കും, അതിനു നിയമപരമായ സാധുതയുണ്ടോ, മാനസിക വൈകല്യമുള്ള അവകാശികൾ ഉണ്ടോ, തുടങ്ങി വസ്തുവിന്റെ ഇനം, തരം, ആകൃതി, പ്രകൃതി , അവസ്ഥ, വ്യവസ്ഥ തുടങ്ങി അനേകം കാര്യങ്ങൾ നോക്കേണ്ടതുണ്ട്.
ഈ കേസിൽ തന്നെ ഇങ്ങനെ ഒരു പരിഹാരം ഉള്ളതുകൊണ്ട് സമാധാനം, അതില്ലെങ്കിൽ അത്യാവശ്യത്തിനു ബാങ്കിൽ പണയം വെയ്ക്കാനോ വിൽക്കാനോ സാധിക്കാതെ വസ്തുവും കയ്യിൽ വെച്ച് ഉടമസ്ഥൻ നാട് നീളെ അലയേണ്ടി വന്നേനെ.
ഒരു വസ്തുവിൽ എന്തെങ്കിലും പഴയ സാങ്കേതിക പ്രശ്നങ്ങളോ രേഖകളിൽ മൈനർമാരുടെ കൈമാറ്റങ്ങളോ കണ്ടാൽ ഭയന്ന് പിന്തിരിയേണ്ടതില്ല. കൃത്യമായ അടിയാധാര ചരിത്രവും നിയമവശങ്ങളും ഒരു ലീഗൽ വിദഗ്ദ്ധനെക്കൊണ്ട് പരിശോധിച്ചാൽ, നിയമം നൽകുന്ന സംരക്ഷണം വഴി ഇത്തരം തടസ്സങ്ങൾ പരിഹരിച്ച് വസ്തുവിന്റെ വില്പന സുഗമമാക്കാൻ സാധിക്കും.
വസ്തു ഇടപാടുകൾക്ക് മുൻപ് കൃത്യമായ നിയമോപദേശം തേടുക; നിങ്ങളുടെ പണവും സമയവും സമാധാനവും സംരക്ഷിക്കുക.
- Adv. Ahammed Sha
Advocate & Legal Consultant
Manjeri, Malappuram

No comments:
Post a Comment
Write your valuable comments here.